ആവേശമായി ഇവാൻ; ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൊച്ചിയിലെത്തി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് കൊച്ചിയിലെത്തി. തിങ്കളാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവാന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഗംഭീര സ്വീകരണമാണ് നൽകിയത്. മഞ്ഞപ്പൂക്കളും ഫോട്ടോകളും പൊന്നാടയുമായാണ് മഞ്ഞപ്പട ഇവാനെ സ്വീകരിച്ചത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തുമെന്ന് ഇവാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സെൽഫിക്ക് പോസ് ചെയ്ത ശേഷമാണ് ഇവാൻ ഹോട്ടലിലേക്ക് മടങ്ങിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ ഭൂരിഭാഗവും ഇന്നും നാളെയുമായി കൊച്ചിയിലെത്തും. വിദേശ താരങ്ങളും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉടൻ കൊച്ചിയിൽ പരിശീലനം ആരംഭിക്കും. ബ്ലാസ്റ്റേഴ്സിന്‍റെ പ്രീ സീസൺ മത്സരങ്ങൾ യുഎഇയിലായിരിക്കും നടക്കുക. ഡ്യുറാൻഡ് കപ്പിലും ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ഇവാന്‍റെ കീഴിൽ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനൽ കളിച്ചിരുന്നു.