കെ എസ് ആര്‍ ടി സി ബസിന് കല്ലെറിയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയില്‍.

തിരുവനന്തപുരം: നേമത്ത് കെ എസ് ആര്‍ ടി സി ബസിന് കല്ലെറിയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയില്‍.

അരിക്കടമുക്ക് വെള്ളക്കെട്ടുവിള മീരാൻ ഹൗസില്‍ മുഹമ്മദ് കൈഫിനെ (21) ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ജൂണ്‍ 22 -ന് രാത്രിയാണ് വീട്ടുപരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന മലയിൻകീഴ് മച്ചേല്‍ ഇരച്ചോട്ടുകോണം മിനിയുടെ പേരിലുള്ള ബൈക്ക് മോഷണം പോയത്. മിനിയുടെ മകനാണ് ബൈക്ക് ഉപയോഗിച്ചിരുന്നത്. ബൈക്ക് നെയ്യാര്‍ ഡാം പൊലീസ് കണ്ടെത്തി എങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല. വ്യാഴാഴ്ച രാത്രി മലയിൻകീഴ് ഇൻസ്പെക്ടര്‍ ടിവി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം നേമത്തു നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ജൂണ്‍ 21ന് നേമം സ്റ്റേഷൻ പരിധിയിലെ വെള്ളായണി ജങ്ഷനില്‍ വച്ച്‌ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞു നിര്‍ത്തി കല്ലെറിയുകയും ഡ്രൈവറെ കയ്യേറ്റവും ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് കൈഫ് എന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.