വയനാട്ടിലെ മുണ്ടക്കയിൽ ഉരുൾപൊട്ടൽ ഉണ്ടാവുകയും ഒരു പ്രദേശം ആകെ ഇല്ലാതാവുകയും ചെയ്തു. നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും കടകളും കാണാനില്ലാത്ത അവസ്ഥ വന്നു. നൂറുകണക്കിന് വീടുകളും വീട്ടുകാരും ഒലിച്ചുപോയി. ഇപ്പോഴും 200 ലധികം ആൾക്കാരെ പറ്റി ഒരു അറിവും ഇല്ല. മൃതശരീരം പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ മഹാ ദുരന്തമായി വയനാട്ടിലെ മുണ്ടക്കയിൽ ഉരുൾപൊട്ടൽ മാറി. ഇന്നും ഒരു ഞെട്ടലോടുകൂടിയാണ് മലയാളികൾ ഈ സംഭവത്തെ ഓർക്കുന്നത്. അതുകൊണ്ടുതന്നെ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ പഴയ നിലയിൽ വീണ്ടെടുക്കുന്നതിനും എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും കേരളം ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുകയാണ്. നിരവധി സംഘടനകളും വ്യക്തികളും വലിയ സഹായങ്ങളുമായി എത്തുന്നു.
വയനാട്ടിലെ പ്രകൃതിദുരന്തം അനുഭവിച്ചവരെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ തന്നെ സംവിധാനങ്ങൾ ഒരുക്കുകയാണ്. അവിടെ വീടുകൾ നഷ്ടപ്പെട്ട ആളുകൾക്ക്,
വീടും സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നതിന് വരുന്ന ചിലവിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഫണ്ട് ശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച വരെ ദുരിതാശ്വാസ നിധിയിലേക്ക് 180 കോടിയിൽ അധികം രൂപ ലഭിച്ചു കഴിഞ്ഞു. ഇപ്പോഴും പലതരത്തിലുള്ള സഹായ വാഗ്ദാനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. മതസംഘടനകളും, രാഷ്ട്രീയ സംഘടനകളും, പ്രവാസി സംഘടനകളും മറ്റു സന്നദ്ധ സംഘടനകളും വീടുകൾ വെച്ച് നൽകുന്നതിന് തയ്യാറായിട്ടുണ്ട്. ക്രിസ്തീയ സഭ തന്നെ നൂറു വീടുകൾ വെച്ച് നൽകുന്നു എന്ന് പറഞ്ഞു കഴിഞ്ഞു. ആകെ 500 കുടുംബങ്ങൾക്കാണ് വീട് വെച്ച് നൽകേണ്ടത്. ഇതിൽ പകുതിയോളം വീടുകൾ ഇപ്പോൾ തന്നെ നൽകുന്നതിന് ആൾക്കാർ മുന്നോട്ട്
വന്നിട്ടുണ്ട്. ഇത്തരത്തിൽ പണി തീർക്കുന്ന വീടുകളിലേക്ക്, വേണ്ട ഉപകരണങ്ങൾ നൽകുന്നതിനും ആളുകൾ തയ്യാറാണ്.
പ്രകൃതി ദുരന്തത്തിൽ വീടുകളും തൊഴിൽ സ്ഥാപനങ്ങളും കടകളും തകർന്നത് വീണ്ടും പണിതുയർത്തേണ്ടതുണ്ട്. ഇതിനാണ് പലതരത്തിലുള്ള വാഗ്ദാനങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി വെച്ചുനോക്കിയാൽ വീട് നഷ്ടപ്പെട്ടവരുടെ വീടുകൾ നല്ലതോതിൽ സഹായ അഭ്യർത്ഥനകളിലൂടെ പണിതുയർത്താൻ കഴിയും. പിന്നെ അവശേഷിക്കുന്നത്, റോഡുകൾ പാലങ്ങൾ മറ്റു പൊതു സ്ഥാപനങ്ങൾ എന്നിവയുടെ നിർമാണമാണ്. ദുരന്തത്തിൽ തകർന്ന ഒരു ഹൈസ്കൂളും പണിയേണ്ടതുണ്ട്. ഇതിനു മാത്രമായി വരുന്ന ഏകദേശം തുക ഊഹിക്കാവുന്നതാണ്. സർക്കാർ തന്നെ നിയോഗിച്ച വിദഗ്ധസംഘം അവിടെ പരിശോധന നടത്തി മാധ്യമങ്ങളോട് പറഞ്ഞത്, പരമാവധി പുനരധിവാസത്തിന് 550 കോടി രൂപ മതിയാകും എന്നാണ്. അവരുടെ കണക്കുകൾ പ്രകാരം 500 ഓളം വീടുകൾ പണി നൽകേണ്ടതുണ്ട്. ഒരു വീട് നിർമ്മിക്കുന്നതിനും, ആ വീട്ടിലേക്ക് ആവശ്യമായ ഉപകരണ സാധനങ്ങൾ നൽകുന്നതിനും വേണ്ടിവരുന്ന ചിലവ് വിദഗ്ധസമിതി നിർദ്ദേശിക്കുന്നത് 30 ലക്ഷം രൂപയാണ്. ഈ കണക്കിൽ നോക്കിയാൽ 550 കോടി രൂപ മതി എന്നാണ് വിദഗ്ധസമിതി പറയുന്നത്.
ഇത്തരം യാഥാർത്ഥ്യങ്ങൾ നിലനിൽക്കുമ്പോൾ ആണ് വയനാട് മുണ്ടക്കൈ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഈ പുനരധിവാസ പദ്ധതിയുടെ ചിലവ് 2000 കോടിയിലധികം എന്ന് പറഞ്ഞിട്ടുള്ളത്. ഈ കണക്ക് എവിടെ നിന്ന് കിട്ടി എന്ന ചോദ്യമാണ് ഉയരുന്നത്. സംസ്ഥാനതലത്തിൽ സിപിഎം ഫണ്ട് പിരിവുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. രസീത്, പിരിവും ഉൽപന്ന പിരിവും, തുടങ്ങി ബക്കറ്റ് പിരിവ് വരെ നടത്തി. പിരിവ് കാര്യത്തിൽ വൈദഗ്‌ധ്യം തെളിയിച്ചിട്ടുള്ള പാർട്ടിയാണ് സിപിഎമ്മും അതിലെ പ്രവർത്തകരായ സഖാക്കളും. വയനാടിന്റെ പേര് പറഞ്ഞു കൊണ്ട് വൻതുകകൾ വലിയ മുതലാളിമാരിൽ നിന്നും ബലമായി പോലും സഖാക്കൾ പിരിക്കുന്നു എന്ന് ആക്ഷേപം പലയിടത്തുനിന്നും ഉയരുന്നുണ്ട്. ഇത്തരത്തിൽ പാർട്ടി ഭരിക്കുന്ന തുക എവിടേക്കാണ് പോവുക എന്ന കാര്യത്തിൽ ഒരു കൃത്യതയും ഇല്ല. പാർട്ടി പ്രവർത്തകർ പിരിവിനായി ഇറങ്ങുമ്പോൾ കാര്യമായ സംഖ്യ സംഭാവന കിട്ടുന്നതിനുവേണ്ടി പുനരധിവാസ പദ്ധതിയുടെ ചെലവ് പെരുപ്പിച്ചു കാണിക്കുന്ന ഏർപ്പാടാണ് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയത് എന്നാണ് ഉയർന്നിട്ടുള്ള പരാതി. വയനാട് ജില്ലയിലെ എല്ലാ വ്യാപാര വാണിജ്യ കച്ചവട സ്ഥാപനങ്ങളിലും സിപിഎം സഖാക്കൾ കയറി ഇറങ്ങി ബലമായി തന്നെ പിരിവുകൾ നടത്തുന്നു എന്ന പരാതി ജില്ലയിലെ കോൺഗ്രസ് നേതാക്കളും ഉയർത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ മരുമകനായ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് വലിയ തുക അടിച്ചുമാറ്റാനുള്ള ശ്രമങ്ങളുടെ തന്ത്രപരമായ നീക്കം ആണ് വയനാട് പുനരധിവാസത്തിന് ആരെയും അമ്പരപ്പിക്കുന്ന 2000 കോടിയുടെ കണക്കുകൾ പറയുന്നത് എന്നും വയനാട് പുനരധിവാസ കാര്യത്തിൽ സർക്കാർ നിലപാട് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി മരുമകന്റെ 2000 കോടിയുടെ കണക്കുപോലും മറച്ചുവയ്ക്കുകയാണ് എന്നും വയനാട് ജില്ലയിലെ കോൺഗ്രസിന്റെയും മുസ്ലീംലീഗിന്റെയും നേതാക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്.
ഏതായാലും കേരളത്തെ ഇപ്പോഴും സങ്കടപ്പെടുത്തുന്ന വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിന് ഇരയായ പാവപ്പെട്ടവർ ഇപ്പോഴും ദുരിതത്തിൽ തന്നെ കഴിയുന്നു എന്ന വാർത്തകളും ആശങ്കപ്പെടുത്തുന്നുണ്ട്. പലതരത്തിലുള്ള സഹായവാഗ്ദാനങ്ങൾ സർക്കാർ പുറത്തുവിടുന്നു ഉണ്ടെങ്കിലും ഇതൊന്നും നടക്കുന്നില്ല എന്നാണ് കാര്യം. ഇവിടെ 254 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുകയാണ്. ഇതിനിടയിൽ വീടുകൾ നഷ്ടപ്പെട്ടവർ വാടക വീട് എടുത്തോ എന്ന സർക്കാർ പറയുന്നുണ്ടെങ്കിലും വാടകയായി സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വീട് കിട്ടുന്നില്ല എന്നതാണ് പ്രതിസന്ധി. ഇതിനിടയിൽ ക്യാമ്പുകൾ അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം തീയതി നിശ്ചയിച്ചതും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ദുരന്തം വലിയതോതിൽ ബാധിച്ച മുണ്ടക്കൈ- ചൂരൽമല- അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. നിത്യ ചിലവിന് ദിവസേന 300 രൂപ വീതം സർക്കാർ നൽകും എന്ന് പറഞ്ഞെങ്കിലും ഇത് കൃത്യമായി ആർക്കും ലഭിച്ചിട്ടില്ല എന്നപരാതിയും ഉണ്ട്. ഇത്തരം പ്രതിസന്ധികളിലൂടെ ദുരന്തത്തിന്റെ ഇരകൾ കഷ്ടപ്പെട്ട് കഴിയുമ്പോഴാണ് യാതൊരു കയ്യും കണക്കും ഇല്ലാതെ 2000 കോടിയുടെ പുനരധിവാസം ആവർത്തിച്ചു പറഞ്ഞുകൊണ്ട് പൊതുമരാമത്ത് മന്ത്രി നടക്കുന്നത് എന്നാണ് നാട്ടുകാരുടെ പരാതി.