ജയരാജൻ്റേത് ഒരു വെടിക്ക് രണ്ടു പക്ഷി എന്ന തന്ത്രം
ഡിസി ബുക്സിന്റെ കച്ചവട തന്ത്രവും വിജയിച്ചു
സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻമന്ത്രിയും ഇടതുമുന്നണിയുടെ മുൻ കൺവീനറും ഒക്കെയായ ഇ പി ജയരാജൻ രണ്ടുദിവസമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. വിവാദങ്ങൾ ഉണ്ടാക്കുക എന്ന കാര്യത്തിൽ എല്ലാ നേതാക്കളെയും വെല്ലുന്ന ചരിത്രമുള്ള ആളാണ് ജയരാജൻ. അടുത്ത കാലം വരെ പിണറായി വിജയൻ എന്ന സിപിഎമ്മിന്റെ കിരീടം വയ്ക്കാത്ത രാജാവിൻറെ വലംകൈയായിരുന്ന ജയരാജൻ ഇപ്പോൾ പിണറായിയുടെ മുഖ്യ ശത്രുവാണ്. പലതരത്തിലാണ് ജയരാജനെ പിണറായി വിജയനും പാർട്ടിയും ചേർന്ന് പീഡിപ്പിച്ചത്. വ്യക്തിപരമായി തന്നെ അധിക്ഷേപത്തിന് ഇരയാക്കി പാർട്ടിയിൽ തന്നെ ഒതുക്കുക എന്ന പിണറായി ശൈലിയാണ് ജയരാജന്റെ കാര്യത്തിൽ ഉണ്ടായത്. പാർട്ടിയിൽ തന്നെക്കാൾ വളരെ ജൂനിയർ ആയ ആൾക്കാരെ ഉയരങ്ങളിൽ പ്രതിഷ്ഠിച്ച് തന്നെ ഒതുക്കുകയും അപമാനിക്കുകയും ചെയ്യുന്ന പിണറായി വിജയൻറെ നീക്കങ്ങൾക്കെതിരെ ജയരാജൻ എന്തായാലും രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുന്നു എന്നതിൻറെ തെളിവാണ് അദ്ദേഹത്തെ മുഖ്യ കഥാപാത്രമാക്കി നടന്നുകൊണ്ടിരിക്കുന്ന ആത്മകഥ വിവാദങ്ങൾ. ഇവിടെ ജയരാജൻ ഒരു വെടിവെച്ച് രണ്ടു പക്ഷികളെ വീഴ്ത്തിയിരിക്കുന്നു എന്നതാണ് വാസ്തവം. ആത്മകഥ തന്റേതല്ല എന്നും താൻ ആർക്കും പുസ്തകം ഇറക്കാൻ അവകാശം നൽകിയിട്ടില്ല എന്നും ഒക്കെ ഇപ്പോൾ ജയരാജൻ വിമർശിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന അരിയാഹാരം കഴിക്കുന്ന ആർക്കും ജയരാജന്റെ മനസ്സിലിരിപ്പും ആത്മകഥ വഴിയുള്ള പകരം വീട്ടിലും തിരിച്ചറിയാൻ കഴിയുന്നുണ്ട്. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം നടന്നത് വിവാദമുയർത്തുന്ന വരും മാധ്യമങ്ങളും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ജയരാജൻ എന്ന സിപിഎം നേതാവും അര നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കേരളത്തിലെ പ്രമുഖ പുസ്തക പ്രസാധകരായ ഡി സി ബുക്സും തമ്മിൽ നടത്തിയ ഒരു കുത്തു കളിയാണ് ഈ വിവാദം എന്നതാണ് വാസ്തവം. പുസ്തകം ഇറങ്ങുന്നതിനു മുൻപ് തന്നെ വലിയ വാർത്തയായും വിവാദമായും ജയരാജന്റെ ആത്മകഥ മാറിയിരിക്കുന്നു. ആത്മകഥ എന്ന പുസ്തകത്തിൻറെ പേര് തന്നെ കട്ടൻചായയും പരിപ്പുവടയും എന്നാണ്. ഇതുതന്നെ ജയരാജൻ എന്ന നേതാവിന്റെ ശീലങ്ങൾക്ക് അനുസരിച്ചുള്ളതാണ് എന്ന കാര്യം മലയാളിക്ക് പെട്ടെന്ന് മനസ്സിലാകും. ഏതായാലും ഇപ്പോൾ രണ്ടും കൽപ്പിച്ച് ജയരാജൻ ഈ പുസ്തകം വില്പനയ്ക്കായി ഇറക്കിയാൽ മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് കോപ്പികൾ വിറ്റഴിയും എന്നകാര്യം ഉറപ്പാണ്. പുസ്തക പ്രസാദനത്തിലും വില്പനയിലും എല്ലാ തന്ത്രങ്ങളും വിദഗ്ധമായി പ്രയോഗിക്കുന്നവരാണ് ഡിസി ബുക്സിന്റെ മാനേജ്മെൻറ്. ഇപ്പോൾ ജയരാജനെ ഉപയോഗിച്ചുകൊണ്ട് ഒരിക്കൽ കൂടി തങ്ങളുടെ വില്പന തന്ത്രം അവർ വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ്.
ആത്മകഥ താൻ എഴുതിയ രീതിയിൽ അല്ല എന്നും ഇത് വ്യാജ ആത്മകഥയാണ് എന്നും പുസ്തകം പ്രസിദ്ധീകരിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും ഒക്കെ ജയരാജൻ ഉറക്കെ പറയുന്നുണ്ട്. എന്നാൽ ഈ പുസ്തകത്തിൽ പറയുന്ന കാര്യങ്ങൾ പലതും ജയരാജൻ പല ഘട്ടങ്ങളിലായി പുറത്തു പറഞ്ഞിട്ടുള്ളതാണ്. ഇതൊക്കെ ഏതെങ്കിലും മന്ദബുദ്ധി എഴുതി തയ്യാറാക്കി ജയരാജൻ അറിയാതെ പുറത്തു വിട്ടു എന്ന് വിശ്വസിക്കാൻ ആർക്കാണ് കഴിയുക. മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെയും പരോക്ഷമായി ആക്രമിക്കുക എന്ന തന്ത്രം തന്നെയാണ് ജയരാജൻ പയറ്റിയിരിക്കുന്നത്. രണ്ടു കൂട്ടരേയും പരമാവധി കടുത്ത ഭാഷയിൽ ചീത്തവിളിക്കുകയും ഇതെല്ലാം നാട്ടുകാർ കണ്ടും കേട്ടും അറിയുകയും ചെയ്തു കഴിയുമ്പോൾ ഞാൻ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്ന് ന്യായീകരിക്കാൻ തന്ത്രപരമായി ശ്രമിക്കുകയും ചെയ്യുന്ന മിടുക്കനായ കമ്മ്യൂണിസ്റ്റിനെ ആണ് ജയരാജനിലൂടെ കേരളീയർ കണ്ടുകൊണ്ടിരിക്കുന്നത്.കേരളത്തിൻറെ പൊതു സമൂഹത്തിനിടയിൽ ഇ പി ജയരാജൻ എന്ന നേതാവ് ഇപ്പോൾ മാത്രമല്ല ചർച്ചയിലേക്ക് കടന്നുവരുന്നത്. ആദ്യ പിണറായി സർക്കാരിൽ മന്ത്രിയായിരിക്കെ ബന്ധു നിയമനം നടത്തി അത് വിവാദമായപ്പോൾ മന്ത്രി കസേര നഷ്ടപ്പെട്ട ആളാണ് ജയരാജൻ. അതിനു മുൻപ് ദേശാഭിമാനി പത്രത്തിൻറെ ജനറൽ മാനേജർ ആയിരിക്കെ ലോട്ടറി തട്ടിപ്പുകാരനായ സാൻഡിയാഗോ മാർട്ടിന്റെ കയ്യിൽ നിന്നും പത്രത്തിനു വേണ്ടി രണ്ട് കോടി രൂപ വാങ്ങിയെടുത്തപ്പോൾ അത് വിവാദമാവുകയും തിരിച്ചു കൊടുക്കുകയും ചെയ്ത ചരിത്രവും ജയരാജനും ഉണ്ട്. ഏറ്റവും ഒടുവിൽ ബിജെപി – ആർ എസ് എസ് നേതാവിനെ വീട്ടിൽ ക്ഷണിച്ചുവരുത്തി സൽക്കരിച്ചത് വിവാദമായപ്പോൾ ഇടതുമുന്നണി കൺവീനർ കസേര നഷ്ടപ്പെട്ട ആൾ കൂടിയാണ് ജയരാജൻ. ഇതിനിടയിലാണ് കണ്ണൂരിൽ ഭാര്യയുടെ പേരിൽ റിസോർട്ട് പണിതത് വിവാദമായത്. ബി.ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ജയരാജന്റെ ഭാര്യയുടെ പേരിൽ തുടങ്ങിയ വൈദേഹം എന്ന റിസോർട്ടിലെ സാമ്പത്തിക പങ്കാളി ആയിരുന്ന വിവരവും പുറത്തുവരികയുണ്ടായി.
സിപിഎമ്മിനകത്ത് വലിയ പ്രതാപിയായി വിഎസ് അച്യുതാനന്ദൻ വിളങ്ങി നിന്ന കാലത്ത് അദ്ദേഹത്തോടൊപ്പം ചേർന്നുനിന്നുകൊണ്ട് പാർട്ടിക്ക് അകത്ത് വിഭാഗീയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന ആളായിരുന്നു ജയരാജൻ. പിന്നീട് വിഎസിനെ കൈവിട്ടു കൊണ്ട് പിണറായിയുടെ വലംകൈയായി മാറിയതിന് പിന്നിൽ പിണറായിയുടെ തന്നെ രഹസ്യ നീക്കങ്ങൾ ആയിരുന്നു. എന്നാൽ ഏറെക്കാലം വൈകുന്നതിന് മുൻപ് തന്നെ പിണറായി ജയരാജനെ തള്ളിപ്പറയുന്ന സ്ഥിതിവുണ്ടായി. തിരുവനന്തപുരം പാർട്ടി ഓഫീസിൽ ഉണ്ടായിരുന്ന ജയരാജനെ അദ്ദേഹത്തോട് ഒരു വിശദീകരണം പോലും ചോദിക്കാതെ ഇടതുമുന്നണിയുടെ കൺവീനർ സ്ഥാനത്തു നിന്നും തള്ളി മാറ്റിയത് പിണറായിയുടെ ഇടപെടൽ കൊണ്ടായിരുന്നു എന്ന് ജയരാജൻ പൂർണമായും വിശ്വസിക്കുന്നുണ്ട്. തന്നെക്കാൾ വളരെ ജൂനിയർ ആയ ഗോവിന്ദൻ മാസ്റ്റർ പാർട്ടി സംസ്ഥാന സെക്രട്ടറി കസേരയിലേക്ക് വന്നതും പിണറായിയുടെ രഹസ്യ നീക്കങ്ങൾ വഴി ആയിരുന്നു എന്ന് ജയരാജൻ വിശ്വസിക്കുന്നുണ്ട്. ഇതെല്ലാം തന്നെ ഒതുക്കുന്നതിന്റെ ഭാഗമാണ് എന്ന് വേദനയുമായിട്ടാണ് ആ ഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് ജയരാജൻ കണ്ണൂരിലെ വീട്ടിൽ തിരിച്ചെത്തുന്നത്.
ജയരാജൻ എന്ന സിപിഎം നേതാവിന്റെ ആത്മകഥ എന്ന രീതിയിൽ പുറത്തുവന്ന പുസ്തകത്തിൻറെ ഭാഗങ്ങൾ തർക്കങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. ജയരാജൻ ഇപ്പോൾ എല്ലാം തള്ളിപ്പറയുന്നു എങ്കിലും ഇതിന്റെയെല്ലാം യഥാർത്ഥ വസ്തുത ജയരാജന്റെ തന്റെ നീക്കങ്ങൾക്കുള്ളിൽ കുടുങ്ങി നിൽക്കുന്നു എന്നതാണ് വാസ്തവം. ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ജയരാജൻ വീട്ടിലെത്തിയപ്പോൾ കണ്ണൂരിലെ പത്രപ്രവർത്തകർ അദ്ദേഹത്തെ വളഞ്ഞു നിന്നു. എന്നാൽ തനിക്ക് ഇപ്പോൾ ഒന്നും പറയാനില്ല എന്നും പറയേണ്ടതെല്ലാം താൻ എഴുതുന്ന ആത്മകഥയിലൂടെ പുറത്തുവിടും എന്നും പറഞ്ഞു കൊണ്ടാണ് മാധ്യമപ്രവർത്തകരെ പുറത്താക്കി ജയരാജൻ വീടിൻറെ വാതിൽ അടച്ചത്. അങ്ങനെ അടച്ച വാതിലിനകത്തു പുകയുന്ന മനസ്സുമായി കഴിഞ്ഞിരുന്ന ജയരാജൻ ആണ് പാർട്ടിയിലെ നേതാക്കളുടെയും മുഖ്യമന്ത്രിയുടെയും തെറ്റുകുറ്റങ്ങൾ വിവരിക്കുന്ന ആത്മകഥയുടെ വരികൾ പൂർത്തിയാക്കിയത്.ജയരാജൻ എന്ന നേതാവിന്റെ ആത്മകഥയുടെ പുറത്തുവന്ന ഭാഗങ്ങളിൽ രൂക്ഷമായ ഭാഷയും വിമർശനവും നിറഞ്ഞ നിൽക്കുകയാണ്. എന്നാൽ ഇതിന്റെയൊക്കെ പിന്നിൽ ഇപ്പോഴും പുറത്തുവരാത്ത ചില സിപിഎം നേതാക്കളുടെ ഇടപെടൽ കൂടി ഉണ്ട് എന്നതാണ് വാസ്തവം. മുഖ്യമന്ത്രി പിണറായി വിജയൻറെ ഏകാധിപത്യ നീക്കങ്ങളിൽ പ്രതിഷേധിച്ചു നിൽക്കുന്ന നിരവധി നേതാക്കൾ സിപിഎമ്മിൽ ഉണ്ട്. മുൻപ് തന്നെ പാർട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും വിമർശനങ്ങളുമായി രംഗത്തുവന്ന സിപിഎം നേതാക്കളായ ജി സുധാകരൻ, തോമസ് ഐസക്ക്, എം എ ബേബി എന്നിവരെല്ലാം ജയരാജൻ എന്ന നേതാവിന്റെ പ്രതികാരനീക്കങ്ങൾക്കു പിന്നിൽ ശക്തി പകരുന്നുണ്ട്. ഇത്തരത്തിൽ നീക്കം നടത്തുന്ന നേതാക്കളുടെ കൂട്ടായ്മ ശക്തി പ്രാപിച്ചാൽ കേരളത്തിൽ സിപിഎം എന്ന പാർട്ടിക്കകത്ത് വലിയ പ്രതിസന്ധി ഉരുണ്ടുകൂടും എന്നതാണ് വാസ്തവം.