പ്രിയങ്ക ഗാന്ധി റെക്കാർഡ് തിരുത്തും.

ചേലക്കര യുഡിഎഫിനെ കൈവിടും.

യനാട് ലോകസഭ മണ്ഡലത്തിലെയും ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പുകൾ പൂർത്തിയായി രണ്ട് മണ്ഡലങ്ങളിലും വലിയതോതിൽ പോളിംഗ് ശതമാനം കുറഞ്ഞത് ആയിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വയനാട് ലോകസഭ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽഗാന്ധി മണ്ഡലം ഒഴിഞ്ഞപ്പോൾ സഹോദരിയായ പ്രിയങ്കാ ഗാന്ധിയെ സ്ഥാനാർഥിയായി നിശ്ചയിക്കുകയായിരുന്നു. വയനാട് രാഹുൽ ഗാന്ധിക്ക് വമ്പൻ ഭൂരിപക്ഷമാണ് നൽകിയിരുന്നത്. ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനവും ആയി നോക്കുമ്പോൾ 10% ത്തോളം കുറവ് ഉണ്ടായിട്ടുണ്ട്. ഈ കുറവ് എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ യുഡിഎഫ് എൽ ഡി എഫ് ബിജെപി കേന്ദ്രങ്ങളിൽ നടന്നുവരുന്നത്. എന്നാൽ വയനാട് ലോകസഭാ മണ്ഡലത്തിൽ വോട്ടർമാർ നല്ലൊരു പങ്ക് മാറി നിന്നത് ഏതു ഭാഗത്തു നിന്നാണ് എന്ന കാര്യത്തിൽ ഇപ്പോൾ തർക്കം നിലനിൽക്കുകയാണ്. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണ അവസരങ്ങളിലെ പൊതുസ്വഭാവം പരിശോധിച്ചാൽ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായിരുന്ന സത്യൻ മൊകേരി വലിയതോതിൽ പ്രചരണകാര്യത്തിൽ താഴോട്ട് പോയിരുന്നു എന്നത് വ്യക്തമാണ്. മണ്ഡലത്തിൽ ശക്തിയുള്ള എൽഡിഎഫ് കക്ഷി സിപിഎം ആണ്. എന്നാൽ ഇവിടെ മത്സരിച്ച സ്ഥാനാർത്ഥി സിപിഐയുടെ നേതാവാണ്. വയനാട് ജില്ലയിൽ സിപിഐക്ക് സ്ഥാനാർത്ഥിത്വം നൽകുന്ന സ്ഥിരം സംവിധാനത്തിൽ സിപിഎമ്മിന് കടുത്ത വിരോധമുണ്ട്. ഈ തെരഞ്ഞെടുപ്പിൽ അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ പ്രവർത്തകർ ഇടതുമുന്നണിയുടെ വിജയത്തിനായി കാര്യമായി പ്രവർത്തിച്ചില്ല എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ അനുഭാവികളിൽ നല്ലൊരു പങ്ക് വോട്ട് ചെയ്യാതെ മാറിനിന്നു എന്നും അതുകൊണ്ടാണ് വലിയ തോതിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

പ്രിയങ്ക ഗാന്ധിക്കെതിരെ മത്സര രംഗത്ത് ഉണ്ടായിരുന്ന മറ്റൊരു സ്ഥാനാർഥി ബിജെപിയുടെ നവ്യ ഹരിദാസ് ആണ്. ഈ മണ്ഡലത്തിൽ ബിജെപിയുടെ സംസ്ഥാന തലത്തിൽ മുതിർന്ന നേതാക്കൾ ആരെങ്കിലും സ്ഥാനാർത്ഥിയായി വരും എന്ന പ്രചരണമാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. ഒരു അവസരത്തിൽ ബിജെപി നേതാവായ ചലച്ചിത്രതാരം ഖുശ്ബു തന്നെ സ്ഥാനാർഥിയായി എത്തും എന്ന് പ്രചരിക്കുകയുണ്ടായി. പിന്നീട് പാർട്ടി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അതുപോലെതന്നെ മറ്റൊരു മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളും കേട്ടിരുന്നു. എന്നാൽ സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചപ്പോൾ ആരും അറിയാത്ത ഒരു പ്രാദേശിക പ്രവർത്തകയായ നവ്യ ഹരിദാസിനെ പേരാണ് പുറത്തുവന്നത്. അതുകൊണ്ടുതന്നെ വയനാട് മണ്ഡലത്തിലെ ബിജെപിയുടെ നേതാക്കളും പ്രവർത്തകരും വലിയ നിരാശയിൽ ആയിരുന്നു. ആർ എസ് എസ് പ്രവർത്തകർ പോലും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ എതിർപ്പുമായി രംഗത്തുവന്നിരുന്നു. ബിജെപി പ്രവർത്തകരുടെ മനസ്സു മടുപ്പാണ് വയനാട് മണ്ഡലത്തിൽ വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടാക്കിയ മറ്റൊരു ഘടകം.യഥാർത്ഥത്തിൽ കടുത്ത ത്രികോണ മത്സരം നടക്കേണ്ട ഒരു മണ്ഡലമായിരുന്നു വയനാട് ലോകസഭ മണ്ഡലം. തെരഞ്ഞെടുപ്പ് പ്രചാരണ രംഗം രണ്ടാംഘട്ടത്തിലേക്ക് കടന്നപ്പോൾ മുതൽ ഇടതുമുന്നണിയുടെയും ബിജെപിയുടെയും സ്ഥാനാർത്ഥികൾ പ്രചരണകാര്യത്തിൽ പിന്നോട്ട് അടിക്കുന്ന സ്ഥിതിയാണ് അവിടെ ഉണ്ടായത്. സാധാരണഗതിയിൽ പ്രവർത്തനരംഗത്ത് മരവിപ്പ് ഉണ്ടായാൽ പാർട്ടികളുടെ സംസ്ഥാന നേതൃത്വങ്ങൾ ഇടപെടുന്ന പതിവ് ഉള്ളതാണ്. എന്നാൽ വയനാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐയുടെ സത്യൻ മൊകേരിയുടെ കാര്യത്തിൽ ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിന്റെ ഒരു നേതാവും ഇടപെടൽ നടത്തിയില്ല എന്നതാണ് വാസ്തവം. ഈ സ്ഥിതിവിശേഷം തന്നെയാണ് ബിജെപിയുടെ കാര്യത്തിലും ഉണ്ടായത്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ചേലക്കര പാലക്കാട് മണ്ഡലങ്ങളിലെ പൊതു അവസ്ഥ ആയിരുന്നില്ല വയനാട് മണ്ഡലത്തിലെ സ്ഥിതി. മാസങ്ങൾക്കു മുൻപ് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് ആൾക്കാരുടെ ജീവനാണ് അപഹരിച്ചത്. രക്ഷപ്പെട്ടവർക്ക് പോലും കിടപ്പാടം പോലും ഇല്ലാത്ത സ്ഥിതിയും ഉണ്ടായി. ജനങ്ങളെ സംബന്ധിച്ചിടത്തോളം പരിഹരിക്കപ്പെടാത്ത ദുരിതങ്ങളുമായി നീങ്ങുന്നതിനിടയിലാണ് അവിടെ ലോകസഭ ഉപതിരഞ്ഞെടുപ്പ് കടന്നുവന്നത്. അതുകൊണ്ടുതന്നെ നല്ലൊരു വിഭാഗം ജനങ്ങൾ വിശേഷിച്ചും ഇടതുപക്ഷത്തും ബിജെപിയിലും കാര്യമായ പ്രാധാന്യം കൊടുത്തിരുന്നില്ല.അപകടത്തിൽ ദുരിതത്തിൽ ആയ ജനങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ട സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ദുരന്തം ഉണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു പരിഹാരമാർഗ്ഗവും നടപ്പിലാക്കാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായ വികാരം ജനങ്ങളിൽ ഉണ്ടാക്കി. കടുത്ത ഇടതുപക്ഷ അനുഭാവികളും ബിജെപിയുടെ ശക്തരായ പ്രവർത്തകരും വരെ മൗനം പാലിക്കുന്ന കാഴ്ചയാണ് കണ്ടത്.വയനാട് ലോകസഭാ മണ്ഡലത്തിൽ ഏതാണ്ട് 15 ലക്ഷത്തോളം വോട്ടർമാരാണ് ഉള്ളത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 3 64 422 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയുടെ ഭൂരിപക്ഷ ചരിത്രമെല്ലാം തിരുത്തി എഴുതുന്ന അത്ഭുതകരമായ റെക്കാർഡ് ആയിരിക്കും പ്രിയങ്ക ഗാന്ധി നേടിയെടുക്കുക എന്ന നിരീക്ഷണമാണ് രാഷ്ട്രീയ രംഗത്തുള്ളവർ നടത്തുന്നത്. വോട്ടെടുപ്പിലെ ശതമാന കുറവ് നേരിട്ട് തന്നെ ബാധിക്കുക ഇടതുപക്ഷ സ്ഥാനാർത്ഥിയെയും അതുപോലെതന്നെ ബിജെപി സ്ഥാനാർത്ഥിയെയും ആയിരിക്കും എന്ന് വിലയിരുത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ചേലക്കര അസംബ്ലി നിയോജക മണ്ഡലത്തിൽ അവിടെ എം എൽ എ ആയിരുന്ന സിപിഎം നേതാവ് രാധാകൃഷ്ണന്റെ വിജയം പുതിയ സ്ഥാനാർത്ഥി ആവർത്തിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 5000 ത്തോളം വോട്ടുകൾക്ക് അവിടെ ഇടതുമുന്നണി സ്ഥാനാർഥിയായ യു. ആർ പ്രദീപ് വിജയിക്കുമെന്ന് വിലയിരുത്തലുകൾ ഉണ്ട്. ഇത്രയും ഭൂരിപക്ഷത്തിൽ എത്തിയില്ല എങ്കിലും നേരിയ ഭൂരിപക്ഷത്തോടെ ആണെങ്കിലും ചേലക്കര അസംബ്ലി മണ്ഡലത്തിൽ ഇടതുമുന്നണി വിജയം കാണുകയും സ്വന്തം സീറ്റ് നിലനിർത്തുകയും ചെയ്യും എന്ന തരത്തിലുള്ള അവലോകനങ്ങൾ ആണ് മാധ്യമ രംഗത്തും ഉണ്ടായിട്ടുള്ളത്.പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നതിന് ഒരാഴ്ച കൂടി ഉണ്ട്. ഇവിടെ നേരത്തെ എം എൽ എ ആയിരുന്ന ഷാഫി പറമ്പിൽ ലോകസഭയിലേക്ക് പോയപ്പോൾ ഉണ്ടായ ഒഴിവിലാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. ഈ മണ്ഡലവും യുഡിഎഫിന്റെ കോൺഗ്രസ് സ്ഥാനാർത്ഥി നിലനിർത്തുവാനാണ് സാധ്യത. ഇവിടെ നല്ല സ്വാധീനമുള്ള പാർട്ടിയാണ് സിപിഎം എങ്കിലും അവർ അവിടെ മത്സരിപ്പിക്കാൻ കണ്ടെത്തിയ സ്ഥാനാർത്ഥിയുടെ പേരിലുള്ള എതിർപ്പുകൾ പാർട്ടിക്ക് അകത്ത് ശക്തമാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് തലേനാൾ വരെ സിപിഎമ്മിന്റെ നേതാക്കളെയും മുഖ്യമന്ത്രി പിണറായി വിജയനെയും പേര് പറഞ്ഞ് അധിക്ഷേപിച്ചിരുന്ന സരിൻ എന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടപ്പോൾ ആ ആളിനെ നാണംകെട്ട വിധത്തിൽ ചുമക്കുന്ന സ്ഥിതിയാണ് സിപിഎം നേതാക്കൾ വരുത്തിവെച്ചത്. ഇതിൽ മണ്ഡലത്തിലെ നല്ലൊരു വിഭാഗം ഇടതുപക്ഷ പ്രവർത്തകർക്ക് കടുത്ത അമർഷം ഉണ്ട്.ഏതായാലും ഇരുപത്തിമൂന്നാം തീയതി വോട്ടെണ്ണ കഴിയുമ്പോൾ കേരളത്തിൻറെ കഴിഞ്ഞകാല തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഭൂരിപക്ഷത്തിന്റെ എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ട് വയനാട് ലോകസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ ദേശീയ നേതാവായ പ്രിയങ്ക ഗാന്ധി വിജയം നേടിയെടുക്കും എന്ന വിലയിരുത്തലാണ് ഏറ്റവും ഒടുവിൽ ഉണ്ടായിരിക്കുന്നത്.