അവസാന ഫലം എങ്ങനെ.

ഉപതിരഞ്ഞെടുപ്പുകളിൽ ആരൊക്കെ കരകയറും

പതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിലും പാലക്കാട് ചേലക്കര നിയമസഭ മണ്ഡലങ്ങളിലും ആരാണ് വിജയിച്ചു കയറുക എന്നറിയാൻ കേരളം കാത്തിരിക്കുകയാണ്. വയനാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൻറെ കാര്യത്തിൽ ആർക്കും വലിയ സംശയം ഇല്ല. പോളിങ്ങിൽ വലിയ കുറവ് ഉണ്ടായതുകൊണ്ട് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടത് പോലെ പ്രിയങ്ക ഗാന്ധി അഞ്ചു ലക്ഷത്തിന്റെയും ആറു ലക്ഷത്തിന്റെയും ഒന്നും ഭൂരിപക്ഷം ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്ക് കിട്ടിയ ഭൂരിപക്ഷത്തിന്റെ അടുക്കൽ എത്താൻ മാത്രമേ പ്രിയങ്ക ഗാന്ധിക്ക് കഴിയൂ എന്നാണ് വിലയിരുത്തപ്പെടുന്നത് .ഇതൊക്കെയാണെങ്കിലും വോട്ടിങ്ങിൽ ശതമാനം കുറഞ്ഞത് ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും അനുഭാവികൾ വോട്ട് ചെയ്യുന്നതിൽ നിന്നും മാറി നിന്നതുകൊണ്ടാണ് എന്ന വിലയിരുത്തൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ട്. ഇത് ശരിയാണെങ്കിൽ പ്രിയങ്കയുടെ ഭൂരിപക്ഷം നാലു ലക്ഷത്തിന് മുകളിൽ എത്താനാണ് സാധ്യത .കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപിയുടെ സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രൻ മത്സരിച്ചപ്പോൾ വലിയതോതിൽ വോട്ട് നേടിയിരുന്നു. ഇപ്പോൾ ബിജെപിക്കായി മത്സരിക്കുന്നത് തികച്ചും അപ്രസക്തമായ ഒരു നേതാവാണ് .വലിയ ജനകീയത നേടാത്ത ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിന് കാര്യമായ വോട്ട് നേടിയെടുക്കാൻ കഴിയും എന്ന് ബിജെപി പ്രവർത്തകർ പോലും വിശ്വസിക്കുന്നില്ല.

തിരഞ്ഞെടുപ്പ് തീയതി മാറ്റി വെച്ചതിന്റെ പേരിൽ ഒരാഴ്ച നീണ്ട പോയ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് രംഗത്താണ് കേരളത്തിൻറെ മുഴുവൻ ശ്രദ്ധയും പതിഞ്ഞു നിൽക്കുന്നത്. ഓരോ ദിവസവും രാഷ്ട്രീയമായ തകിടം മറിച്ചിലുകൾ നടക്കുകയാണ്. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിൽ നിന്നും സീറ്റ് കിട്ടാതെ വന്ന ഡോക്ടർ സരിൻ കോൺഗ്രസ് വിടുകയും സിപിഎം പാളയത്തിൽ ചെല്ലുകയും തികച്ചും അപ്രതീക്ഷിതമായി ഇടതുമുന്നണി സ്ഥാനാർഥിയായി മാറുകയും ചെയ്തു. ഇത്തരത്തിൽ മൂന്ന് സ്ഥാനാർഥികളും പ്രചരണത്തിൽ മുന്നേറുമ്പോൾ ആണ് ബിജെപിയുടെ കോട്ടയായ പാലക്കാട് ആ പാർട്ടിക്ക് വമ്പൻ തിരിച്ചടി ഉണ്ടായത് . മാധ്യമ ചർച്ച വേദികളിൽ ബിജെപി എന്ന പാർട്ടിക്ക് വേണ്ടി ശക്തമായ വാക്ക് പോര് നടത്തിയിരുന്ന സന്ദീപ് വാര്യർ എന്ന നേതാവ് ബിജെപി വിട്ട് കോൺഗ്രസിൽ ചേരുകയും കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രചരണ രംഗത്ത് ഇറങ്ങുകയും ചെയ്തതാണ് അമ്പരപ്പിച്ച പാലക്കാട് ഉള്ള ഒരു രാഷ്ട്രീയ മാറ്റം ഇപ്പോൾ പറയുന്നത്. ഇനിയും ചില മറ്റു പാർട്ടികളിലെ നേതാക്കൾ പാലക്കാട് കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നുവരും എന്നാണ് അറിയുന്നത് .ഏതായാലും രാഷ്ട്രീയമായ അത്ഭുതങ്ങൾ പലതും അരങ്ങേറി കൊണ്ടിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഏതു വിധത്തിലും ജയിച്ചു വരും എന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. പതിനായിരം വോട്ടിൽ കൂടുതൽ രാഹുൽ മാങ്കൂട്ടത്തിൽ നേടും എന്ന യുഡിഎഫ് നേതാക്കളുടെ വാദങ്ങൾ ശരിയാകാനുള്ള സാധ്യതയാണ് ഇവിടെ കാണുന്നത്. പാലക്കാട് മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്ത് എത്തിയ പാർട്ടിയാണ് ബിജെപ മാത്രവുമല്ല പാലക്കാട് മുനിസിപ്പാലിറ്റി ഭരിച്ചുകൊണ്ടിരിക്കുന്നതും ബിജെപി ആണ്. എന്നാൽ സമീപകാലത്തായി ബിജെപിക്ക് അകത്ത് നടക്കുന്ന നേതാക്കൾ തമ്മിലുള്ള പോരുകളും വഴക്കും പാലക്കാട് പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട് .പാർട്ടി പ്രസിഡൻറ് സുരേന്ദ്രൻ തന്നെ കള്ളപ്പണ കേസിൽ കുടുങ്ങി നിൽക്കുകയാണ്. സീറ്റ് ലഭിക്കാതെ വന്ന മറ്റൊരു ബിജെപി നേതാവായ ശോഭാ സുരേന്ദ്രൻ ഇപ്പോഴും ഇടഞ്ഞു തന്നെ നിൽക്കുകയാണ്. ഈ സാഹചര്യങ്ങൾ മൂലം ബിജെപിയുടെ സ്ഥാനാർഥി പതിവുകൾ വിട്ട് മൂന്നാം സ്ഥാനത്തേക്ക് എത്തുന്ന സ്ഥിതിയാകും ഉണ്ടാവുക. പാലക്കാട് മണ്ഡലത്തിൽ വിജയം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് എത്തി പ്രചരണത്തിൽ പങ്കെടുത്തു. എങ്കിലും ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി സരിൻ വന്നതോടുകൂടി സിപിഎമ്മിന്റെ നല്ലൊരു വിഭാഗം പ്രവർത്തകർ മാനസികമായി ഇടഞ്ഞു നിൽക്കുകയാണ്. സ്ഥാനാർഥിയാകുന്നതിന് തലേന്നാൾ വരെ സിപിഎമ്മിനെയും മുഖ്യമന്ത്രിപിണറായി വിജയനെയും വലിയ കഠിനമായ ഭാഷയിൽ അധിക്ഷേപിച്ച സരിൻ ഒരു സുപ്രഭാതത്തിൽ സ്ഥാനാർത്ഥിയായി സഖാവിൻറെ വേഷം ഇട്ടത് ഉൾക്കൊള്ളുവാൻ പാലക്കാട് സാധാരണ പ്രവർത്തകർക്ക് കഴിയാതെ വന്നിട്ടുണ്ട്. ഈ മനം മടുപ്പ് വോട്ടിങ്ങിൽ പ്രതിഫലിച്ചാൽ സിപിഎമ്മും ഇടതു നേതാക്കളും പ്രതീക്ഷിക്കുന്ന വിജയം ഉണ്ടാകാൻ ബുദ്ധിമുട്ടാണ്. ഈ കാര്യങ്ങൾ എല്ലാം പരിഗണിച്ചുകൊണ്ടാണ് പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

വയനാട് പാലക്കാട് ഉപതിരഞ്ഞെടുപ്പുകളുടെ അതേ അളവിലുള്ള പ്രസക്തിയോ ആവേശമോ ചേലക്കരയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ ഉണ്ടായിട്ടില്ല .സ്ഥാനാർത്ഥികൾ വലിയ ഉയരത്തിലുള്ളവർ അല്ലാതെ വന്നതും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചേലക്കരയിലും കോൺഗ്രസ് നേതാവ് പാർട്ടി മാറി പുതിയ പാർട്ടിയിൽ ചേർന്ന് ഡി എം കെ സ്ഥാനാർത്ഥിയായി വന്നതും വോട്ടർമാരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട് .ചേലക്കരയിൽ മുൻ എംപി ആയ രമ്യ ഹരിദാസ് ആണ് യുഡിഎഫിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. അവിടെ ഇടതുമുന്നണിയുടെ സ്ഥാനാർഥി മുൻ എംഎൽഎ ആണെങ്കിൽ കൂടിയും അവിടെ ചേലക്കരക്കാരുടെ പ്രിയപ്പെട്ട സിപിഎം നേതാവായിരുന്ന കെ രാധാകൃഷ്ണൻ മന്ത്രിയായിരുന്നിട്ട് അത് മാറ്റി ലോകസഭയിലേക്ക് പറഞ്ഞയച്ചതിൽ സാധാരണ സഖാക്കൾക്ക് പ്രതിഷേധമുണ്ട്. മാത്രവുമല്ല തെരഞ്ഞെടുപ്പ് പ്രചരണം പകുതി വഴി പിന്നിടുമ്പോഴും കെ രാധാകൃഷ്ണൻ എന്ന ചേലക്കരക്കാരുടെ പ്രിയപ്പെട്ട സഖാവ് അവിടെ പ്രചരണത്തിന് എത്തിയിരുന്നില്ല. ഒടുവിൽ സിപിഎം നേതാക്കളുടെ ശക്തമായ സമ്മർദ്ദം വഴിയാണ് രാധാകൃഷ്ണൻ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയത്.

മലപ്പുറത്ത് ഇടതുപക്ഷ നിയമസഭാംഗമായിരുന്ന പി വി അൻവർ പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും തുറന്നു പറച്ചിലുമായി രംഗത്തുവരികയും, ഡിഎംകെ എന്ന ഒരു സ്വന്തം പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു .ഈ പാർട്ടിയുടെ സ്ഥാനാർത്ഥി ആയിട്ടാണ് കോൺഗ്രസ് നേതാവായ വി കെ സുധീർ രംഗത്ത് വന്നത് .അൻവറിന്റെ പാർട്ടിക്ക് ഇവിടെ കാര്യമായ സ്വാധീനമൊന്നും ഇല്ല. എങ്കിലും സുധീർ എന്ന പിന്നോക്ക സമുദായക്കാരനായ നേതാവിനെ ഇഷ്ടപ്പെടുന്ന നിരവധി പേർ ഉള്ളതുകൊണ്ട് വ്യക്തിപരമായി സുധീർ കുറച്ചു വോട്ടുകൾ പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല .ഇത്തരത്തിൽ സുധീർ തട്ടിയെടുക്കുന്ന വോട്ടുകൾ കോൺഗ്രസ് വോട്ട് ആകാനാണ് സാധ്യത. ഈ സാധ്യത കൊണ്ട് ഗുണം ഉണ്ടാക്കുക സ്വാഭാവികമായും ഇടതുമുന്നണിയുടെ സ്ഥാനാർഥി ആയിരിക്കും. എങ്ങനെയൊക്കെ കണക്കുകൂട്ടിയാലും ഇവിടെ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ വിജയം ഉറപ്പാക്കാനുള്ള ഒരു രാഷ്ട്രീയ അന്തരീക്ഷവും ഇല്ല .ഇപ്പോഴത്തെ സ്ഥിതിയിൽ പരിഗണിച്ചാൽ ചേലക്കര മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥി 5000 താഴെ വോട്ടുകൾക്കെങ്കിലും ജയിച്ചുവരുന്നതിനുള്ള സാധ്യതയാണ് കാണുന്നത് .ഈ വിധത്തിൽ പരിഗണിച്ചാൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിൽ ഒരിടത്ത് കോൺഗ്രസും അതുപോലെതന്നെ ലോകസഭ ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രിയങ്കാ ഗാന്ധിയും ജയിച്ചു വരുന്നതിനുള്ള സാധ്യതകളാണ് അവസാന കണക്കുകൂട്ടലിൽ തെളിയുന്നത്.