വാഹന അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് റോഡില്‍ കിടക്കേണ്ടി വന്ന യുവാവിന് ദാരുണാന്ത്യം.

ചേര്‍ത്തല: വാഹന അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് റോഡില്‍ കിടക്കേണ്ടി വന്ന യുവാവിന് ദാരുണാന്ത്യം. ഇരുചക്ര വാഹന അപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ സമയമാണ് ഇരുപതുകാരന്‍ റോഡില്‍ കിടന്നത്.

ദേശീയ പാതയില്‍ ചേര്‍ത്തല ഒറ്റപ്പുന്നയ്ക്കും, റെയില്‍വേ സ്റ്റേഷനും മധ്യേ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ശ്രീഭാസ്കര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് തെറിച്ച്‌ റോഡരുകില്‍ കിടന്ന ശ്രീഭാസ്കറിനെ ആശുപത്രിയിലെത്തിക്കാൻ ആദ്യം ആരും തയ്യാറായില്ല. അരമണിക്കൂറിന് ശേഷം പട്ടണക്കാട് സ്വദേശി രജീഷ്കുമാറിന്റെ ആംബുലൻസിലാണ് പൊലീസിന്റെ സഹായത്തോടെ യുവാവിനെ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.

ചേര്‍ത്തല കുറുപ്പംകളങ്ങര ഭഗവതിപ്പറമ്ബ് ശ്രീനിലയം വീട്ടില്‍ മോഹനദാസൻ നായരുടെ മകൻ ശ്രീഭാസ്കര്‍ (20) ആണ് മരിച്ചത്.

കൊല്ലം കൊട്ടിയം എൻ എസ് എസ് കോളേജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ്. മാതാവ്: ബിന്ദു