ചന്ദ്രയാൻ 3ന്റെ രണ്ടാം ഘട്ടവും വിജയകരമെന്ന് അറിയിച്ച്‌ ഐഎസ്‌ആര്‍ഒ

  ബാംഗ്ലൂർ :ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ സഞ്ചാരപാതയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച്‌ ഐഎസ്‌ആര്‍ഒ.

പേടകത്തിന്റെ ഭ്രമണപഥം വീണ്ടും വിജയകരമായി ഉയര്‍ത്താൻ സാധിച്ചു. നിലവില്‍ 41,603 കി.മീ – 226 കി.മീ ഭ്രമണപഥത്തിലാണ് പേടകം ഭൂമിയെ വലംവെയ്ക്കുന്നതെന്ന് ഐഎസ്‌ആര്‍ഒ സമൂഹമാദ്ധ്യമം വഴിയാണ് അറിയിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനുമിടയ്ക്ക് ഭ്രമണപഥം വീണ്ടും ഉയര്‍ത്തും.

വിക്ഷേപണ ശേഷം നേരിട്ട് ലക്ഷ്യത്തിലേയ്ക്ക് യാത്ര തിരിക്കുന്നതിന് പകരം പടിപടിയായി ഭൂമിയെ വലംവെച്ച്‌ ഭ്രമണപഥം ഉയര്‍ത്തിയാണ് ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ കാന്തികവലയത്തിലേയ്ക്ക് പ്രവേശിക്കുക. അതിനാല്‍ തന്നെയാണ് ദൗത്യത്തിന് കൂടുതല്‍ ദിനങ്ങള്‍ വേണ്ടിവരുന്നത്. ഇന്ധനചെലവ് അടക്കം കുറയ്ക്കാൻ ഈ രീതി സഹായകമാണ്. മംഗള്‍യാൻ ദൗത്യത്തിലും ഇതേ രീതിയാണ് പിന്തുടര്‍ന്നത്.