നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ടു; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം; അഞ്ചുതെങ്ങില്‍ തെരുവ്നായ്ക്കള്‍ വലിച്ചിഴച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍.

മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ മാമ്ബള്ളി സ്വദേശി ജൂലിയെ പോലീസ് അറസ്റ്റ് ചെയ്തു.പരിഹാസം സഹിക്കാനാവാതെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ജൂലിയുടെ മൊഴി.

12 വര്‍ഷം മുൻപ് ഭര്‍ത്താവ് മരിച്ചുപോയ ജൂലിക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിലാണ് ഗര്‍ഭിണിയായത്. എന്നാല്‍ വിധവയായ തനിക്ക് കുഞ്ഞുണ്ടാവുന്നത് പരിഹാസങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും കാരണമാകുമെന്ന് ജൂലി ഭയന്നു. ഗര്‍ഭിണിയാണെന്ന വിവരം സ്വന്തം വീട്ടുകാരോടും കാമുകനോടും മറച്ചുവച്ചു. തുടര്‍ന്ന് കുഞ്ഞിനെ പ്രസവിച്ച ഉടനെ ശ്വാസം മുട്ടിചച്് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശുചിമുറിക്ക് സമീപം കുഴിയെടുത്ത് മൂടി.

കഴിഞ്ഞ 18ന് രാവിലെയാണ് മാമ്ബള്ളി പള്ളിക്ക് പുറക് വശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒരു കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഒറ്റനോട്ടത്തില്‍ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാല്‍ പ്രദേശവാസികള്‍ ആദ്യം ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്ബള്ളി നടവഴിയില്‍ കൊണ്ട് ഇടുകയും എവിടെ വച്ച്‌ കടിച്ചു വലിക്കുകയുമായിരുന്നു. നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ ഉടൻ തന്നെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

ഗര്‍ഭിണിയാണെന്ന വിവരം ആരോടും പറഞ്ഞിരുന്നില്ലെങ്കിലും ജൂലിയുടെ അയല്‍വാസികള്‍ക്ക് സംശയം ഉണ്ടായിരുന്നു. ഇത് പോലീസിനോട് പങ്കുവച്ചതോടെയാണ് അന്വേഷണം വേഗത്തിലായത്. ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നും അടുത്തിടെ പ്രസവിച്ചതാണെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കി. പ്രസവിച്ച കാര്യം ഗൈനക്കോളജിസ്റ്റിനോട് അവര്‍ സമ്മതിച്ചെങ്കിലും കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍, പിന്നീട് ഫോണില്‍ വിളിച്ച്‌ ഡോക്ടറാണെന്ന് പറഞ്ഞ് സംസാരിച്ചപ്പോള്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.