കൊച്ചി: മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരം ഹരീഷ് പേങ്ങന് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അസ്വാഭാവികമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ വിശദമായ പരിശോധനയിലാണ് നടന് കരള്‍ രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരീഷിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനത്തിന് തയ്യാറായി വന്നെങ്കിലും ശസ്ത്രക്രിയയ്ക്കായി വലിയ തുക വേണമെന്നുള്ളത് പ്രതിസന്ധിയായി. നടന്റെ ചികിത്സയ്ക്ക് ധനസഹായ അഭ്യര്‍ത്ഥനയുമായി നേരത്തെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.
2011 മുതല്‍ മലയാള ചലച്ചിത്രരംഗത്ത് സജീവമാണ് ഹരീഷ് പേങ്ങന്. ഹരീഷിന്റെ അടയാളപ്പെടുത്തലായി നിരവധി ചിത്രങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. നോട്ട് ഔട്ടാണ് ആയിരുന്നു ആദ്യ ചിത്രം. കൂടാതെ മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്, ജയ ജയ ജയ ഹേ, പ്രിയന് ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സിനിമകളില്‍ ഹരീഷ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പൂക്കാലമാണ് അവസാന ചിത്രം.
മഹേഷിന്റെ പ്രതികാരമാണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്നും തന്നെ നടനാക്കി മാറ്റിയത് ആ സിനിമയാണെന്നും ഹരീഷ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മഹേഷിന്റെ പ്രതികാരത്തിന് പിന്നാലെ നിരവധി അവസരങ്ങള്‍ ഹരീഷ് പേങ്ങനെ തേടിയെത്തുകയായാരുന്നു. ഹരീഷിന്റെ അകാല വിയോഗത്തില്‍ സാമൂഹ്യ-സാംസ്കാരിക-കലാ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു.