ഊർജ്ജസ്വലനായി അരിക്കൊമ്പൻ; പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് തമിഴ്നാട്

ചെന്നൈ: കഴിഞ്ഞ ദിവസം മയക്കുവെടിവച്ച് പിടികൂടി കോതയാര്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ ഏറ്റവും  പുതിയ ദൃശ്യങ്ങള്‍ തമിഴ്നാട് സർക്കാർ പുറത്ത് വിട്ടു. കഴിക്കുന്നതിന് ആവശ്യമായ  പുല്ല് ശേഖരിച്ച്  കോതയാര്‍ അണക്കെട്ടില്‍ നിന്ന് കഴുകി എടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തമിഴ്നാട് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഊർജ്ജസ്വലനായ അരിക്കൊമ്പന്റെ പുതിയ  ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. പ്രകൃതി മനോഹരമായ പുതിയ സ്ഥലത്ത് അരിക്കൊമ്പൻ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് സുപ്രിയ സാഹു അറിയിച്ചു. അരിക്കൊമ്പന്റെ ആരോഗ്യ നിലയും നീക്കങ്ങളും തമിഴ്നാട് വനം വകുപ്പ് നിരീക്ഷിച്ചു വരികയാണെന്നും അവര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആനയെ കളക്കാട് മുണ്ടുന്തുറ കടുവാ സങ്കേതത്തിലെ നിബിഡ വനമേഖലയിലേക്ക് മാറ്റിയത്. സ്ഥലം മാറ്റിയത് മുതലേ അരിക്കൊമ്പൻ  ഉത്സാഹത്തിലാണെന്നും  നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. പത്ത് വാച്ചര്‍മാര്‍, നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാര്‍, രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് അരിക്കൊമ്പന്റെ  ആരോഗ്യനിലയും നീക്കങ്ങളും വെറ്റിനറി ഡോക്ടര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും മേല്‍നോട്ടത്തില്‍ നിരീക്ഷിച്ച്‌ വരുന്നത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നൽ ലഭിക്കുന്നുണ്ടെന്നും തമിഴനാട് വനം വകുപ്പ് അറിയിച്ചു.