രാജീവ് ഗാന്ധി വധക്കേസിൽ മോചിതരായ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം; കേന്ദ്രം നിലപാടറിയിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം. ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ നിലപാടറിയിക്കുകയായിരുന്നു. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട്‌ പയസ് തുടങ്ങിയവരാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. മുരുകന്റെ ഭാര്യ നളിനി നൽകിയ അപേക്ഷയിലാണ് മറുപടി. ജയിൽമോചിതരായ ശേഷവും ഇവർ ഇന്ത്യയിൽ തുടരുകയായിരുന്നു. നിലവിൽ തിരുചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ് 4 പേരും. ഇവർ‌ക്കാണ് ശ്രീലങ്കയിലേക്ക് മടങ്ങാനുള്ള അനുമതി നൽകിയിരിക്കുന്നത്.

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും കഴിഞ്ഞ വർഷം നവംബറിലാണ് ജയിൽ മോചിതരാകുന്നത്. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ തുടങ്ങിയവരാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചത്. നളിനിയുടെ ഭർത്താവ് മുരുകൻ മാറ്റ് പ്രതികളായ ശാന്തൻ, റോബർട്ട്‌ പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യക ജയിലിലും മുരുകനും ശാന്തനും വെല്ലൂർ സെൻട്രൽ ജയിലിലും, റോബർട്ട്‌ പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ ജയിലിലും രവിചന്ദ്രൻ തൂത്തുകൂടി സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞ 30 വർഷമായി കഴിഞ്ഞിരുന്നത്.