6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞവർക്കു പ്രതിമാസം 100 ദിർഹം പിഴ

6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞവർക്കു പ്രതിമാസം 100 ദിർഹം പിഴ ഈടാക്കും. യുഎഇയിൽ തിരികെ പ്രവേശിക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കുന്നവർ 6 മാസം കഴിഞ്ഞുള്ള ഓരോ മാസത്തിനും 100 ദിർഹം പിഴ നൽകേണ്ടിവരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് വ്യക്തമാക്കി.

എൻട്രി പെർമിറ്റിന് അപേക്ഷിക്കുന്നവർക്ക് 48 മണിക്കൂറിനകം നടപടി പൂർത്തിയാക്കി ഇമെയിൽ വഴി അറിയിച്ചു. നിശ്ചിത കാലാവധിയിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞതിന്റെ കൃത്യമായ കാരണം ബോധിപ്പിക്കണം എന്നതാണ് പെർമിറ്റ് ലഭിക്കുന്നതിനുള്ള വ്യവസ്ഥ. പെർമിറ്റ് ലഭിക്കുന്നവർ 30 ദിവസത്തിനകം രാജ്യത്തു തിരികെ പ്രവേശിക്കുകയും വേണം. ഇ – സേവനങ്ങൾക്ക് 150 ദിർഹമാണ് ഫീസ് . ഇതിനു പുറമേയാണ് പ്രതിമാസം 100 ദിർഹം പിഴ.

30 ദിവസം കണക്കാക്കിയാണ് ഓരോ മാസത്തെയും പിഴ.പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖ ഇല്ലാതിരിക്കുകയോ വിവരങ്ങൾ അപൂർണമോ അവ്യക്തമോ ആണെങ്കിലും നിരസിക്കും. ഇക്കാര്യം ഇമെയിൽ വഴി അറിയിക്കും.