വിമുക്തഭടനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം തട്ടിയ അഭിഭാഷകയും കൂട്ടാളിയും പിടിയില്‍
കൊല്ലം :പരവൂരില്‍ വിമുക്തഭടനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയ സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റില്‍.
പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അഭിഭാഷക കൂടിയാ നിത്യ ശശിയും പരവൂര്‍ കലക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്.
തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന വിമുക്തഭടനും കേരള സര്‍വ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരനാണ് കെണിയില്‍ പെട്ടത്. മെയ് 24നാണ് തട്ടിപ്പിന്റെ തുടക്കം. വിമുക്തഭടന്റെ കലക്കോട്ടെ വീട് വാടകക്കു ചോദിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയാണ് ഇവര്‍ ആദ്യം ചെയ്തത്. ഫോണ്‍ വിളിയിലൂടെ സൗഹൃദത്തിലായശേഷം കലക്കോട്ടെ വീട്ടിലേക്കു വിളിച്ചുവരുത്തി. അവിടെ വച്ച് ഭീഷണിപ്പെടുത്തി.
മുന്‍ നിശ്ചയിച്ച പ്രകാരം സ്ഥലത്തെത്തിയ വയോധികന്റെ ബന്ധു കൂടിയായ ബിനുവായിരുന്നു ഫോണില്‍ ചിത്രം പകര്‍ത്തിയത്. ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. നിരന്തരമായ ഭീഷണിക്കു പിന്നാലെ 11 ലക്ഷം രൂപ നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ ബ്ലാക്ക് മെയില്‍ തുടര്‍ന്നതോടെ സഹികെട്ട് ഈ മാസം 18നാണ് വിമുക്തഭടന്‍ പരവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍ പരാതിക്കാരന്‍ പ്രതികളെ പട്ടത്തെ ഫ്‌ലാറ്റിലേക്കു വിളിച്ചു വരുത്തി. അവിടെ വച്ച് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.