രൂപമാറ്റം വരുത്തിയും അതിസുരക്ഷ നമ്ബര്‍ പ്ലേറ്റില്‍ കൃത്രിമത്വം കാട്ടിയും അമിത വേഗതയില്‍ അപകടകരമായ രീതിയില്‍ ഓടിച്ച ന്യൂജൻ ബൈക്കുകള്‍ മോട്ടര്‍ വാഹന വകുപ്പ് കഡിയിലെടുത്തു

തിരുവല്ല :രൂപമാറ്റം വരുത്തിയും അതിസുരക്ഷ നമ്ബര്‍ പ്ലേറ്റില്‍ കൃത്രിമത്വം കാട്ടിയും അമിത വേഗതയില്‍ അപകടകരമായ രീതിയില്‍ ഓടിച്ച ന്യൂജൻ ബൈക്കുകള്‍ മോട്ടര്‍ വാഹന വകുപ്പ് കഡിയിലെടുത്തു.പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍ വേളൂര്‍ മുണ്ടകം റോഡില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്കാണ് ബൈക്കുകള്‍ പിടികൂടിയത്.

അര ലക്ഷം രൂപയോളം പിഴ ചുമത്തിയിട്ടുണ്ട്.നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മോട്ടര്‍ വാഹന വകുപ്പ് വേങ്ങല്‍ -വേളൂര്‍ മുണ്ടകം റോഡില്‍ പരിശോധന
കര്‍ശനമാക്കിയത്. വേങ്ങല്‍ പാടശേഖരത്തിനും ന്യൂ മാര്‍ക്കറ്റ് കനാലിനും മധ്യേയുള്ള നേര്‍രേഖയിലുള്ള റോഡ്
കൂമ്ബുംമൂട് അവസാനിക്കുകയാണ്. അയ്യനവേലി പാലം മുതല്‍ കൂമ്ബുംമൂട് വരെ 2 കിലോമീറ്ററോളം ഏറെക്കുറെവിജനമായ റോഡാണ്. ഈ ഭാഗത്ത് രാവും പകലും പുതുതലമുറ ബൈക്കുകളുമായി ചെറുപ്പക്കാര്‍ സ്ഥിരമായി അഭ്യാസ പ്രകടനം നടത്താറുണ്ട്.

ഇന്നലെ കഡിയിലെടുത്ത ബൈക്കുകളെല്ലാം ലക്ഷങ്ങള്‍ വിലവരുന്ന ആഡംബര ബൈക്കുകളാണ്. പല ബൈക്കിന്റെയും ടയര്‍ മാറ്റി വീതികൂടിയ ടയര്‍ ഇട്ടിട്ടുണ്ട്. സൈലൻസര്‍ മാറ്റി പ്രത്യേക ശബ്ദംപുറപ്പെടുവിക്കുന്നവയാണ് വച്ചിരിക്കുന്നത്.

മോട്ടര്‍ വാഹനവകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗം ഇൻസ്പെക്ടര്‍ പി.വി.അനീഷിന്റെ നേതൃത്വത്തില്‍
എം.ഷമീര്‍, മനു വിശ്വനാഥ്, സ്വാതി ദേവ്, എസ്.സാബു എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്.