ഡൽഹി: മണിപ്പൂർ കലാപത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സത്യം എന്താണെന്ന് രാജ്യം അറിയണം, എന്നാൽ പ്രതിപക്ഷ അംഗങ്ങൾ ഇതിന് അനുവദിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ പ്രതികരിക്കണമെന്നായിരുന്നു സഞ്ജയ് സിങ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടത്. അവരുടെ ആവശ്യം തള്ളുകയും ചോദ്യോത്തരവേള ആരംഭിക്കുകയുമായിരുന്നു. തുടർന്ന് രാജ്യസഭയുടെ നടത്തളത്തിലെത്തി സഞ്ജയ് സിങ് ഈ ആവശ്യം വീണ്ടും ഉന്നയിച്ചു. നടുത്തളത്തിലെത്തി സഭാ നടപടികൾ തടസ്സപ്പെടുത്തിയെന്ന് കാണിച്ച് പീയുഷ് ഗോയൽ സഞ്ജയ് സിങ്ങിനെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിഞ്ഞു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിലെത്തി പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടത്. എന്നാൽ അതിനിടെ, മുതിർന്ന എ.എ.പി നേതാവ് സഞ്ജയ് സിങ്ങിനെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.