സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി ക്ഷേത്രങ്ങളില്‍ ഇല്ലംനിറ ഭക്തിസാന്ദ്രം

തൃശൂർ : സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി ക്ഷേത്രങ്ങളില്‍ ഇല്ലംനിറ ഭക്തിസാന്ദ്രം. അമവാസി കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ചയാണ് ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഇല്ലംനിറ ആഘോഷം നടക്കാറുള്ളത്.

തിരുവമ്ബാടി ക്ഷേത്രത്തില്‍ തന്ത്രിയുടെയും മേല്‍ശാന്തിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ക്ഷേത്രം ഭരണസമിതി അംഗങ്ങളായ ഡോ. സുന്ദര്‍ മേനോൻ, കെ. ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഭക്തര്‍ക്ക് പൂജിച്ച കതിര്‍ക്കറ്റകള്‍ വിതരണം ചെയ്തു.

പാറമേക്കാവ് ക്ഷേത്രത്തില്‍ നടന്ന ഇല്ലം നിറ ആഘോഷങ്ങളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. പ്രസിഡന്റ് ഡോ. ബാലഗോപാല്‍, ജോയിന്റ് സെക്രട്ടറി നന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിര്‍ഭരമായി. പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം എന്നിവയ്ക്കുശേഷം ക്ഷേത്രം പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകള്‍ സമര്‍പ്പിച്ചതിനു ശേഷം നെല്‍ക്കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കി.