കെ ഫോണ്‍ പദ്ധതിയും വിവാദത്തിൽ; കോടികളുടെ അഴിമതി നടന്നതായി വി.ഡി സതീശന്
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിനെതിരെ വൻ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയിലാണ് കോടികളുടെ അഴിമതി നടന്നതായി വി ഡി സതീശന് ആരോപിക്കുന്നത്. കെ ഫോണ്‍ ടെണ്ടര്‍ ഇടപാടില്‍ ഒത്തുകളിയാണ് നടന്നതെന്നും അഴിമതി ആരോപണങ്ങളെല്ലാം പോകുന്നത് ഒരേ പെട്ടിയിലേക്കാണെന്നും വി ഡി സതീശന് വ്യക്തമാക്കി. എ ഐ കാമറ അഴിമതിയിൽ കെല്‍ട്രോണ്‍ ആണെങ്കില്‍ കെ ഫോണിൽ ഭാരത് ഇലക്ട്രോണിക്സ് ആണ് വില്ലനെന്നും തെളുവുകൾ സഹിതം വി ഡി സതീശൻ വിശദീകരിച്ചു.
ആറ് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി വിജയിച്ചിട്ടില്ലെന്നും, എസ്റ്റിമേറ്റിനേക്കള് ടെണ്ടര്‍ തുക കൂട്ടിയാണ് ഭാരത് ഇലക്ട്രോണിക്സിന് നല്‍കിയതെന്നും ഇതിനായി 520 കോടിയാണ് അധികമായി അനുവദിച്ചതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. മാത്രമല്ല എ ഐ ക്യാമറ അഴിമതിയിലെ വിവാദ കമ്പനിയായ എസ്ആര്ഐയ്ക്കു ഈ അഴിമതിയില്‍ ബന്ധമുടെന്നും വി ഡി സതീശൻ വ്യക്തമാക്കി . എസ്ആര്‍ഐടി അശോക് ബില്‍കോര്‍ എന്ന കമ്പനിക്ക് നൽകിയ ഉപകരാര്‍ അവര്‍ പ്രസാഡിയോ കമ്പനിക്ക് കൈമാറുകയായിരുന്നു . എഐ ക്യാമറ അഴിമതിക്ക് സമാനമായ കോടികളുടെ അഴിമതിയാണ് കെ ഫോണിലും നടന്നതെന്ന് വി ഡി സതീശന് ആരോപിച്ചു.