കമ്പം: കേരളത്തിനെന്ന പോലെ തമിഴ്നാടിനും അരിക്കൊമ്പന് വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്. മയക്കുവെടിവച്ച് പിടികൂടി ഉള്‍ക്കാട്ടിലേക്ക് ഇറക്കിവിട്ടെങ്കിലും ഇടയ്ക്കിടെ ജനവാസമേഖലയില്‍ ഇറങ്ങി ഭയപ്പാടുണ്ടാക്കുന്ന അരിക്കൊമ്പന്റെ പതിവ് ശൈലി തുടരുകയാണ്. ആനയ്ക്ക് സംരക്ഷണം ഒരുക്കേണ്ട ഭരണകൂട ഉത്തരവാദിത്തം പോലെ തന്നെ മനുഷ്യന്റെ ജീവനും സ്വത്തും കാത്തുസൂക്ഷിക്കേണ്ട കടമയും സര്‍ക്കാരിനുണ്ട്. അതുകൊണ്ടുതന്നെ അരിക്കൊമ്പന് വിഷയത്തില്‍ എന്തു ചെയ്യണമെന്നറിയാത്ത നിസഹായവസ്ഥയിലാണ് കേരളവും തമിഴ്നാടും. എങ്കിലും, മുമ്പ് നിരവധി പേരുടെ മരണത്തിനും കഴിഞ്ഞ ദിവസം തേനിയില്‍ ഒരാളുടെ മരണത്തിനും കാരണക്കാരനായ അരികൊമ്പനെ പിടികൂടി സുരക്ഷിതമായി ഉള്‍ക്കാട്ടിലേക്ക് അയക്കാന്‍ തന്നെയാണ് തമിഴ്നാട് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ആനയെ കണ്ടെത്താനും പിടികൂടാനുമായി തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേക പരിശീലനം കിട്ടിയ ആനപിടിത്ത സംഘത്തെ ഇറക്കുകയാണ്. ആനയെ പിടിക്കാനും മെരുക്കാനും പ്രത്യേകം പരിശീലനം നേടിയിട്ടുള്ള ആദിവാസി വിഭാഗത്തില്‍ നിന്നുള്ള അഞ്ചുപേര്‍ അടങ്ങുന്ന സംഘത്തെയാണ് തമിഴ്നാട് രംഗത്തിറക്കുന്നത്.
മുതുമല കടുവസങ്കേതത്തില്‍ നിന്നുള്ള മീന്കാളന്, ബൊമ്മന്, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് ഈ അഞ്ചംഗ സംഘത്തിലുള്ളത്. ഇവരെ നയിക്കാനും നിര്ദ്ദേശങ്ങല് നല്‍കാനും വെറ്റിനറി സര്ജന് ഡോ. രാജേഷും സംഘത്തോടൊപ്പം ചേരും. ആന സഞ്ചരിക്കുന്ന കാനനപാത പിന്തുടര്ന്ന് ആനയെ കണ്ടെത്തി പിടികൂടുകയാണ് സംഘത്തിന്റെ ദൗത്യം. കഴിഞ്ഞ ദിവസം കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങിയ അരികൊമ്പന് തേനിയിലെ കമ്പത്ത് ജനവാസമേഖലയില്‍ ഇറങ്ങി തെരുവിലൂടെ നടന്ന് ഭയാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. റോഡില്‍ എതിരേ വന്ന ബൈക്ക് ആക്രമിക്കുകയും യാത്രക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചികില്‍സയിലിരിക്കെ കമ്പം സ്വദേശി പാല്‍രാജ് ഇന്ന മരണമടഞ്ഞതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന് വ്യാപകമായി കൃഷി നശിപ്പിച്ചതായും തമിഴ്നാട് അറിയിച്ചു. തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍ ഇറങ്ങിയ അരിക്കൊമ്പന് പച്ചക്കറിയും മുന്തിരിയുമൊക്കെയാണ് ഭക്ഷണമാക്കിയത്. കാട്ടിലേക്ക് കയറിയെങ്കിലും തന്റെ ഇഷ്ടവിഭവങ്ങളുള്ള കൃഷിയിടങ്ങള്‍ അരിക്കൊമ്പന് കണ്ടെത്തിക്കഴിഞ്ഞ സ്ഥിതിക്ക് ഇവിടേക്ക് തിരിച്ചെത്തുമെന്നാണ് അധികാരികള്‍ കണക്കുകൂട്ടുന്നത്.
ഈ മാസം 28-നാണ് അരിക്കൊമ്പന് തേനിയിലെ കമ്പം ടൗണിനെ മുള്‍മുനയില്‍ നിര്‍ത്തി ജനങ്ങളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയത്. ആനയെ മയക്കു വെടിവയ്ക്കാന്‍ തമിഴ്നാട് ഉത്തവിട്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ദൗത്യം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. മയക്കുവെടിവച്ച് പിടിച്ച് ഉള്‍വനത്തില്‍ കൊണ്ടുവിടാനുള്ള എല്ലാ സംവിധാനങ്ങളുമായി സായുധസംഘം ഞായറാഴ്ച സന്ധ്യവരെ കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. ഞായറാഴച കാട് കയറിയ അരികൊമ്പന് കഴിഞ്ഞ ദിവസം വീണ്ടും ജനവാസ മേഖലയിലെത്തിയത് ഏറെ ആശങ്ക ഉയര്‍ത്തി. ആനയെ കൂട്ടിലടയ്ക്കരുതെന്ന നിയമോപദേശം കൂടി ലഭിച്ചതോടെ വനം വകുപ്പ് കൂടുതല്‍ പ്രതിസന്ധിയിലായി. കമ്പം ടൗണിലിറങ്ങിയ ആന ശാന്തനായി നടന്നുനീങ്ങുന്നതിനിടെയാണ് ആള്‍കൂട്ടം ആരവവുമായി പിന്നാലെ കൂടിയത്. ഇതോടെ ആന നടത്തത്തിന്റെ വേഗത കുട്ടുകയും വാഹനങ്ങളുടെ ശബ്ദവും അളുകളുടെ നിലവിളിയും ആക്രോശവുമെല്ലാം കേട്ട് അരിക്കൊമ്പനും റോഡിലൂടെ വിരണ്ടോടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍
ഇത്രയൊക്കെ പ്രകോപനമുണ്ടായിട്ടും അരിക്കൊമ്പന് ആരെയും ആക്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കമ്പം മേഖലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. പ്രത്യേക ദൗത്യസംഘവും കമ്പത്ത് നിലയുറപ്പിട്ടുണ്ട്. നിലവില്‍ അരിക്കൊമ്പന് ഷണ്മുഖ നദി അണക്കെട്ട് പ്രദേശത്ത് അരിക്കൊമ്പന് തമ്പടിച്ചിരിക്കുകയാണ്. ഇവിടെ യഥേഷ്ടം വെള്ളവും ഭക്ഷണവും ലഭിക്കുന്നു എന്നതുകൊണ്ട് തല്ക്കാലം ആന ഇവിടെ വിടാന്‍ സാധ്യത കുറവാണെന്നാണ് നിഗമനം. കമ്പം ജനവാസമേഖലയില്‍ നിന്നും ഏകദേശം ആറ് കിലോമീറ്ററോളം സഞ്ചരിച്ചാണ് ആന ഈ മേഘമലയില്‍ എത്തിയത്. വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ മാത്രമേ മയക്കുവെടിവച്ച് പിടികൂടി മേഘമലയിലെ ഉള്‍വനത്തിലേക്കു കൊണ്ടുപോകൂ എന്നാണ് തമിഴ്നാട് വനം വകുപ്പ് എടുത്തിരിക്കുന്ന നിലപാട്.
അതേസമയം ഇന്നലെ പുലര്‍ച്ചെ ചുരുളിപെട്ടിക്കു സമീപം ജനവാസമേഖലക്ക് സമീപം കൂതാനാച്ചി ക്ഷേത്രത്തിന് 200 മീറ്റര്‍ അടുത്തുവരെ ആന എത്തിയായി വിവരം ലഭിച്ചു. മണിക്കൂറുകളോളം ജനവാസ മേഖലയോട് ചേര്‍ന്ന് നിലയുറപ്പിച്ചശേഷം വീണ്ടും ആന ദിശ മാറി സഞ്ചരിക്കുന്നതിന്റെ സൂചനകളാണ് നിലവില്‍ ലഭിക്കുന്നത്. എന്തായാലും അരിക്കൊമ്പന് വിഷയത്തില്‍ എല്ലാവിധ മുന്‍ കരുതലുകളും സ്വീകരിച്ച് സംയുക്തമായി മുന്നോട്ടുപോകുകയാണ് കേരളവും തമിഴ്നാടും.